welcome

Welcome to the website of KSP KARTHA powered by COST MANNAMPETTA-

BIOGRAPHY


ശ്രീ കെ. എസ്. പരമേശ്വരൻ കർത്താ മാസ്റ്റർ

അഥവാ കെ. എസ്. പി. കർത്താ - ഒരു ലഘു ജീവചരിത്രം

ആമുഖം

          മാതൃകാദ്ധ്യാപകൻ, ഗ്രന്ഥശാലാപ്രവർത്തകൻ, സാഹിത്യകാരൻ, സർവ്വോപരി സത്യസന്ധനായ മനുഷ്യസ്നേഹി എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ശ്രീ പരമേശ്വരൻ കർത്താ മാസ്റ്റർ കെ. എസ്. കർത്താ എന്ന സുപരിചിത നാമധേയത്തിലാണ്‌ അറിയപ്പെട്ടിരുന്നത്. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതം ഏതാനും താളുകളിൽ ഒതുങ്ങുന്നതല്ല. ഇവിടെ ചെയ്യുന്നത് അദ്ദേഹത്തെ കുറിച്ച് ഒരു രേഖപ്പെടുത്തൽ മാത്രം; കൂടുതൽ വിശദമായ ജീവിത ചരിത്ര സൃഷ്ടി അവശ്യമാണെന്ന് അറിയാമെങ്കിലും അതിനുള്ള സർഗ്ഗശേഷിയുടെ അഭാവം മൂലം അതിൽ നിന്നും പിൻവാങ്ങുന്നു  എന്നു മാത്രം. സർഗ്ഗപ്രതിഭകൾ ആ കർത്തവ്യം ഏറ്റെടുക്കട്ടെ.  

ജനനം
          എറണാകുളം ജില്ലയിൽ ഉൾപ്പെടുന്ന ‘കറുകുറ്റി’ എന്ന പ്രകൃതി രമണീയ മായ കൊച്ചുഗ്രാമത്തിലാണ്‌ ശ്രീ കെ. എസ്. പി. യുടെ ജനനം. 1932 ജൂൺ 23 - അതെ അന്നാണ്‌ അദ്ദേഹം ഭൂജാതനായത്.
മാതാപിതാക്കളും സഹോദരങ്ങളും  

കറുകുറ്റി ഗ്രാമത്തിലെ പ്രശസ്തമായ കാഞ്ഞിലി മഠം ഭവനത്തിൽ നാരായണി കുഞ്ഞമ്മയുടെ മക്കളിൽ മൂന്നാമനായി 1932 ജൂൺ 23 നാണ്‌ പരമേശ്വരൻ ജനിച്ചത്. (ഏറണാകുളം ജില്ലയിൽ ‘കർത്താവ്’ ജാതിയിൽ ഉൾപ്പെടുന്ന സ്ത്രീകളെ കുഞ്ഞമ്മ എന്നാണ്‌ വിളിച്ചു വന്നിരുന്നത്. തൃശ്ശൂർ ജില്ലയിൽ ‘ഇ(എ)ളയണ’ എന്ന പേരാണ്‌ കൂടുതൽ ഉപയോഗിക്കുന്നത്.) എടപ്രാംപിള്ളി മനയ്ക്കൾ ദാമോദരൻ നമ്പൂതിരിപ്പാടാണ്‌ കെ.എസ്.പി.കർത്തായുടെ പിതാവ്. സഹോദരങ്ങൾ കാർത്ത്യായനി കുഞ്ഞമ്മ, പാർവ്വതി കുഞ്ഞമ്മ, പരമേശ്വരൻ കർത്താ, രാമൻ കർത്താ, അമ്മിണി കുഞ്ഞമ്മ, കൃഷ്ണൻ കർത്താ, പത്മാവതി കുഞ്ഞമ്മ, മാലതി കുഞ്ഞമ്മ എന്നിങ്ങനെ എട്ടു കുട്ടികൾ കലിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും അവരുടെ ശൈശവം മാതൃഭവനത്തിൽ ചെലവഴിച്ചു. അമ്മയും അച്ഛനും പകർന്നു നല്കിയ സാരോപദേശ കഥകളും പുരാണകഥകളും സാഹിത്യാദി കാര്യങ്ങളും പരമേശ്വരൻ ഉൾക്കൊള്ളുവാൻ എപ്പോഴും തയ്യാറായിരുന്നു. മാതാപിതാക്കൾ പകർന്നു നല്കിയ അത്തരം കാര്യങ്ങളായിരിക്കാം അദ്ദേഹത്തിലെ സ്വാഹിത്യ വാസനയുടെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചത് എന്നു വേനം കരുതാൻ.

വിദ്യാഭ്യാസം
          പ്രാഥമിക വിദ്യാഭ്യാസം വീടിനടുത്തുള്ള വിദ്യാലയത്തിലായിരുന്നു. തുടർന്ന് അലുവ അദ്വൈതാശ്രമത്തിൽ സംസ്കൃതം പഠിക്കുവാൻ ആരംഭിച്ചു. സംസ്കൃതത്തിൽ ‘വിശാരദ് ബിരുദം’ നേടിയതിനു ശേഷം സ്വകാര്യ പഠനം (വിദൂരവിദ്യാഭ്യാസ സംബ്രദായത്തിൽ) വഴി കേരള സർവ്വകലശാലയിൽ നിന്നും മലയാളത്തിൽ ബി. എ. ബിരുദവും തുടർന്ന് എം. എ. ബിരുദവും ശ്രീ പരമേശ്വരൻ കർത്താ കരസ്ഥമാക്കി. സ്വാതന്ത്ര്യ സമരവും സ്വദേശി പ്രസ്ഥാനവും അതിന്റെ ഉച്ചസ്ഥായിയിൽ നില്ക്കുന്ന കാലമായിരുന്നല്ലോ അത്. അത്തരം പ്രസ്ഥാനങ്ങളിൽ താല്പര്യം ജനിച്ച ശ്രീ കർത്താ ഖദർ ധരിക്കുവാൻ തീരുമാനിച്ചു. പിന്നിട് ഹിന്ദി പഠനവും തുടങ്ങി. 

          അല്പകാലത്തിനുശേഷം കോഴിക്കോട് സർവ്വകലാശാലയയിൽ നിന്നും ബി. എഡ്. പരീക്ഷ വിജയിച്ചു. ജീവിത കാലം മുഴുവൻ ഒരു വിദ്യാർത്ഥിയായിരിക്കുവാൻ സാധിക്കുന്നവർ ഭാഗ്യവാന്മാരാണ്‌ എന്നു വിശ്വസിച്ച വ്യക്തിയായിരുന്നു പരമേശ്വരൻ കർത്താ.

തൊഴിൽ




          തന്റെ പ്രവൃത്തി പഥം അദ്ധ്യാപനമാണെന്ന് തിർച്ചറിഞ്ഞ ശ്രീ കർത്താ കോലഞ്ചേരി സ്വർണ്ണത്ത് സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. കോലഞ്ചേരി സ്കൂളിലേത് ഒരു താല്കാലിക നിയമനമായിരുന്നു. രണ്ടു വർഷം അവിടെ ജോലി ചെയ്തു. അപ്പോഴാണ്‌ തൃശ്ശൂർ ജില്ലയിൽ പറപ്പൂക്കരയിലുള്ള പൊതു വിദ്യാഭ്യാസ സമിതിയുടെ പ്രവർത്തകർ കർത്താവു മാഷിനെ സമീപിക്കുന്നത്. അവർ നടത്തുന്ന വിദ്യാലയത്തിൽ അദ്ധ്യാപകനായി ചേരുവാൻ അവർ അപേക്ഷിച്ചതിനാൽ ശ്രീ കർത്താ അതിനു വഴങ്ങുകയും പറപ്പൂക്കരയിലെ പി. വി. എസ്. വിദ്യാലയത്തിൽ അദ്ധ്യാപകനായി സേവനം തുടങ്ങുകയും ചെയ്തത്. ജോലി തുടങ്ങയപ്പോഴാണ്‌ കർത്താവു മാഷിന്‌ മറ്റൊരു കാര്യം മനസ്സിലായത്: സ്കൂളിൽ തനിക്ക് ഒരു ‘ത്രീ ഇൻ വൺ’ റോൾ ആണെന്ന്. ഒരേ സമയം മലയാളം, സംസ്കൃതം, ഹിന്ദി എന്നിവ കൈകാര്യം ചെയ്യേണ്ടി വന്നു കെ.എസ്.പിക്ക്. .പക്ഷെ എത്ര വലുതാണ്‌ തന്റെ അദ്ധ്വാന ഭാരമെങ്കിലും യാതൊരു അതൃപ്തിയും കൂടാതെ അതു ചെയ്തു തീർക്കുവാൻ കെ. എസ്. പി. എന്നും സന്നദ്ധനായിരുന്നു. ഒരു വ്യാഴവട്ടക്കാലം പറപ്പൂക്കരയിലെ പി. വി. എസ്. വിദ്യാലയത്തിൽ തുടർന്നു കർത്താവു മാഷ്. പിന്നീട് കോതമംഗലം എം. എ. കോളേജിൽ മലയാളം വിഭാഗം ലെക്ച്ചറർ ആയി നിയമനം ലഭിച്ച കർത്താ മാസ്റ്റർ അമ്പത്തി അഞ്ചാം വയസ്സുവരെ അവിടെ സേവനം തുടർന്നു. 1987 ജൂൺ 30ന്‌ മലയാള വിഭാഗം മേധാവി ആയിരിക്കെ ജോലിയിൽ നിന്നും വിരമിച്ചു.   


വിവാഹം കുടുംബം 
 

          1964 മെയ് മാസം 21 - അന്നായിരുന്നു കെ. എസ്. പി യുടെ വിവാഹം. മുറിഞ്ഞാറവീട്ടിൽ ജാനകി അമ്മയുടെയും ശ്രായിക്കാട്ട് പരമേശ്വരൻ നായരുടെയും മകളായ ശാരദാമയായിരുന്നു വധു. ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ചാണ്‌ വിവാഹം നടന്നത്.  പത്നിയായ ശാരദാമ വരന്തരപ്പിള്ളി അസ്സംഷൻ ഹൈസ്കൂളിലെ മലയാളം അദ്ധ്യാപികയായിരുന്നു. പരമേശ്വരൻ - ശാരദാമ ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത് - സുഭാഷും രമേഷും. 
 

          സുഭാഷ് വിവാതിനനാണ്‌; പത്നി ഹേമാ മേനോൻ. അവർക്ക് ഹരീഷ്.എസ്. മേനോൻ, ലക്ഷ്മി എസ്. മേനോൻ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. ഇരുവരും വിദ്യാർത്ഥികളാണ്‌.  സീമ ആർ. പിള്ളയെയാണ്‌ രമേഷ് വിവാഹം ചെയ്തിരിക്കുന്നത്. അവരുടെ മക്കൾ രോഹിത് പിള്ളയും, ഉമ പിള്ളയും വിദ്യാഭ്യാസം തുടരുന്നു. 


          പത്നിയും രണ്ടാൺ മക്കളും അവരുടെ ഭാര്യമാരും നാലുപേരക്കുട്ടികളും എത്തുചേർന്ന് സന്തോഷകരമായ കുടുംബ ജീവിതം നയിച്ചുപോന്നു ശ്രീ കെ. എസ്. പി. കർത്താ.
 
 
ഗ്രന്ഥശാലാ പ്രസ്ഥാനവും കെ.എസ്.പി. യും 

          വായനശാലകളും പുസ്തകങ്ങളുമായി അഭേദ്യമായ ബന്ധം നില നി​റുത്തി പോന്ന ഒരു വ്യക്തിയാണ്‌ ശ്രീ കർത്താമാസ്റ്റർ. തനിക്കും തന്റെ ജന്മസ്ഥലമായ കറുകുറ്റിയിലെ മറ്റുള്ളവർക്കും വായനക്കാവശ്യമായ പുസ്തകങ്ങൾ ലഭിക്കുന്നതിനായി ഒരു ഗ്രന്ഥശാല രൂപീകരിക്കുവാൻ മാസ്റ്റർ അക്ഷീണം പ്രയത്നിച്ചു. അതിന്റെ ഫലമാണ്‌ ഇന്ന് കറുകുറ്റിയിൽ കാണുന്ന കറുകുറ്റി ഗ്രാമീണവായനശാല. ഇന്ന് സ്വന്തം സ്ഥലവും കെട്ടിടവും ഉള്ള, ധാരാളം പുസ്തകങ്ങളും അംഗബലവും ഉള്ള, നല്ലനിലയിൽ പ്രവർത്തിച്ചുവരുന്ന ഒരു വായശാലയാണിത്. തന്റെ സ്വപ്നസാക്ഷാത്കാരമായി മാസ്റ്റർ ഇതിനെ കണ്ടിരുന്നു. (മാഷിന്റെ നിര്യാണത്തെ തുടർന്ന് ഈ വായനശാലയുടെ മുകളിൽ ഒരു നില കൂടി പണിത് കെ. എസ്. പി കർത്താ സ്മാരക ഹാൽ അല്ലെങ്കിൽ മന്ദിരം എന്നു നാമകരണം ചെയ്യുവാനുള്ള ഭാരവാഹികളുടെ ശ്രമം അന്തിമ ഘട്ടത്തിലാണ്‌. മാഷിന്‌ ഇങ്ങനെ ഒരു സ്നേഹോപകാരം നല്കുന്നത് വളരെ സന്തോഷം ഉണർത്തുന്നു.)

          ആയിരക്കണക്കിനു വരുന്ന തന്റെ വിദ്യാർത്ഥികളിലൂടെയും മാസ്റ്റർ വായനയുടെ മഹത്വം പ്രചരിപ്പിച്ചിരുന്നു. എം. എ. കോളേജിലെ മാസ്റ്ററുടെ ക്ലാസ്സുകൾ വാസ്തവത്തിൽ സാഹിത്യ സദസ്സുകളായിരുന്നു. കുട്ടികളെ വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുവാൻ അത്തരം ക്ലാസ്സുകൾ വളരെ ഗുണം ചെയ്തിട്ടുണ്ട്. 

          വായനശാലകളിൽ സാഹിത്യ ചർച്ചകളും സാഹിത്യ മത്സരങ്ങളും സഘടിപ്പിക്കുന്നത് എത്രമാത്രം പാടവത്തോടെ ആയിരുന്നുവെന്നത് അത് കണ്ടറിഞ്ഞവർക്ക് മാത്രം, അനുഭവിച്ചവർക്ക് മാത്രം ബോദ്ധ്യമാകുന്ന ഒരു കാര്യമാണ്‌. ഇത്തരം കാര്യങ്ങളിൽ മാസ്റ്ററുടെ സംഘാടന വൈഭവം പ്രത്യേക പ്രശംസയർഹിക്കുന്നു.

സാഹിത്യ സേവനങ്ങൾ


കെ.എസ്. പി. കർത്തായുടെ തൂലിക ചലിക്കാത്ത സാഹിത്യ മേഖലകൾ വളരെ വിരളമാണ്‌. തന്റെ തൂലികാ സ്പർശത്താൽ ധന്യവത്കരിക്കപ്പെട്ട സാഹിത്യമേഖലകളിൽ കഥ, കവിത, ലേഖനം, നിരൂപണം, ഹാസ്യലേഖനങ്ങൾ, ബാലസാഹിത്യ രചനകൾ എന്നിങ്ങനെ ധാരാളം വിഭാഗങ്ങൾ ഉൾപ്പെടുന്നു.
അനേകം ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം എഴുത്തുകാരനായിരുന്നു ശ്രീ കർത്താ. മാതൃഭൂമി തുടങ്ങിയ ആഴ്ച പതിപ്പുകളിൽ ഗൗരവമുള്ള ലേഖനങ്ങൾ എഴുതുമ്പോൾ തന്നെ അദ്ദേഹം ബാലരമ, പൂമ്പാറ്റ, ബാലഭൂമി എന്നീവയിൽ കുട്ടികൾക്കായുള്ള കഥകൾ, കവിതകൽ, കടങ്കഥകൾ, ലേഖനങ്ങൾ എന്നിവയും നർമ്മദ മുതലായവയിൽ ഹാസ്യ ലേഖനങ്ങളും എഴുതുമായിരുന്നു. പ്രസിദ്ധീകരിച്ച ആയിരക്കണക്കിനു സാഹിത്യ രചനകളിൽ അഞ്ചോളം എണ്ണം പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തിട്ടുണ്ട്. തന്റെ രചനകൾ പുസ്തരൂപത്തിലാക്കുവാൻ അദ്ദേഹം കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നു വേണം അനുമാനിക്കാൻ. അല്ലാത്ത പക്ഷം ചുരുങ്ങിയത് വൈവിദ്ധ്യമേറിയ നൂറിൽപരം ഗ്രന്ഥങ്ങൾ
അദ്ദേഹത്തിന്റേതായി കൈരളിക്കു ലഭിക്കുമായിരുന്നു. അദ്ദേഹത്തിന്റെ രചനകൾ അനേകം ആനുകാലിക പ്രസിദ്ധീകരണങ്ങളിലായി ചിതറിക്കിടക്കുന്നു. അവയെല്ലാം സമാഹരിക്കുവാനും വർഗ്ഗീകരിച്ച് ചിട്ടപ്പെടുത്തി പുസ്തക രൂപത്തിൽ ആക്കുവാനും സാഹിത്യ സ്നേഹികളോ പ്രകാശകരോ മുന്നോട്ട് വരേണ്ടതാണ്‌. അങ്ങനെ സംഭവിച്ചാലത് കൈരളിക്കു ലഭിക്കുന്ന കനത്തൊരു നിധിയായിരിക്കുമെന്നതിൽ സംശയമില്ല.

വിദ്യാഭ്യാസ പ്രവർത്തനങ്ങൾ 

പ്രശസ്തമായ മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെ.എസ്.പി. കർത്തായുടെ വിദ്യാഭ്യാസപരമായ സേവനങ്ങൾ ഔപചാരികമായി തന്നെ ലഭിച്ചിട്ടുണ്ട്. പ്രതിഭാധനനായ ഒരു അദ്ധ്യാപകന്റെ അദ്ധ്യാപന പാടവം അനുഭവിച്ചവർക്കൊന്നും അത് മറക്കാനാവില്ല. അതെന്നും അവിസ്മരണീയമായ ഒറഭവമായി ആ ശിഷ്യർ നെഞ്ചിൽടി സൂക്ഷിക്കും കർത്താവു മാഷിനുള്ള ഗുരുദക്ഷിണയായി, സ്മാരകമായി.

ഒരു അദ്ധ്യാപകനെന്ന നിലയിൽ ഏകദേശം മൂന്നര ദശാബ്ദക്കാലത്തെ സേവനചരിത്രമുള്ള ശ്രീ കെ. എസ്. പി. കർത്താ ഒരു മാതൃകാ അദ്ധ്യാപകൻ എന്നതിലുപരി പഠിതാക്കളുടെ സർവ്വതോന്മുഖമായ വ്യക്തിത്വ വികസനത്തിൽ ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച കർത്താ മാഷ് ശിഷ്ട ജീവിതം സാഹിത്യ രചനയാലും സാമൂഹ്യ പ്രവർത്തനങ്ങളാലും സമ്പന്നമാക്കുകയായിരുന്നു.
ഔചാരിക സേവനത്തിൽ നിന്നും വിരമിച്ചിട്ടും അദ്ദേഹം സാക്ഷരതാ പ്രവർത്തനങ്ങളിലൂടെയും മറ്റും തന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടർന്നിരുന്നു.

മരണം

 കുറച്ചുകാലമായി അസുഖം ബാധിച്ച്, വരന്തരപ്പിള്ളിയിലുള്ള സ്വവസതിയിൽ ചികിത്സയിലായിരുന്നു ശ്രീ കർത്താ. കോതമംഗലം എം. എ. കോളേജ് മലയാള വിഭാഗം മുൻ മേധാവിയും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ കെ. എസ്. പി. കർത്താ (83 വയസ്സ്‌)  02 - 04 - 2015 ൽ നിര്യാതനായി.

സേവനത്തിന്റെ വൈവിദ്ധ്യമേറിയ പ്രവർത്തന മണ്ഡലങ്ങളിൽ പ്രൊഫസർ കെ. എസ്. പി. കർത്താ നല്കിയ സംഭാവനകൾ  നന്ദിയോടെ നമുക്ക് ഓർമ്മിക്കാം.  അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ നമുക്കും പങ്കുചേരാം. പ്രൊഫസർ കർത്തായുടെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു.

No comments:

Post a Comment